ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച അടിമാലി ഇരുമ്പുപാലത്തെ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കാന്‍ നടപടിയായില്ല. പുതിയ കെട്ടിടത്തിന് സമീപത്തെ പഴയ ഹോസ്റ്റലില്‍ പരിമിതമായ സൗകര്യങ്ങളിലാണ് നിലവില്‍ കുട്ടികള്‍ താമസിക്കുന്നത്.
ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ നിന്നുള്ള പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനാണ് ഹോസ്റ്റല്‍ നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടനം നടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. നൂറോളം കുട്ടികള്‍ക്ക് താമസ സൗകര്യമുള്ളതാണ് പുതിയ ഹോസ്റ്റല്‍. പഠന മുറി, വായന ശാല, ഭക്ഷണ ശാല, പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവയെല്ലാം പുതിയ ഹോസ്റ്റലിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.
നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിന് 4 കോടി 76 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മുമ്പ് ഇടുക്കി എം.പിയായിരുന്ന പി.ടി തോമസിന്റെ ഇടപെടലായിരുന്നു ട്രൈബല്‍ ഹോസ്റ്റലിന്റെ നിര്‍മാണത്തിന് വഴിതെളിച്ചത്.