ഇടുക്കി: കലക്‌ട്രേറ്റിന് മുന്നിൽ സമരം നടത്തി വിവിധ ആദിവാസി സംഘടനകൾ. ചിന്നക്കനാലിൽ കുടിയിരുത്തിയ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസി സംഘടനകൾ സമരം തുടങ്ങിയത്. സമരത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇവര്‍ ഇടുക്കി കലക്‌ട്രേറ്റിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തിയത്.
ചിന്നക്കനാലിൽ മൂന്ന് കോളനികളിലായി 455 കുടുംബങ്ങളെയാണ് അന്ന് കുടിയിരുത്തിയത്. ഇതിൽ 301 കുടുംബങ്ങളുണ്ടായിരുന്ന 301 കോളനിയിലാണ് വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായത്. ഇതോടെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും സ്ഥലം ഉപേക്ഷിച്ചു പോയി.
ഇപ്പോള്‍ ഇവിടെയുള്ളത് 40 കുടുംബങ്ങൾ മാത്രമാണ്. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളോട് പോരാടിയാണ് അവശേഷിക്കുന്നവർ കഴിയുന്നത്. കുടിവെള്ളം, സഞ്ചാര യോഗ്യമായ റോഡ് എന്നിവയൊന്നും ഇവിടില്ല. കുടിയിരുത്തി 18 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെയാണ് ആദിവാസി സംഘടനകൾ സമരം തുടങ്ങിയിരിക്കുന്നത്.
ഇടുക്കി ജില്ല കലക്‌ടർ നേരിട്ടെത്തി നൽകിയ ഉറപ്പും മാസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചില്ലെന്നാണ് സംഘടനകളുടെ പരാതി. എലിഫന്‍റ് കോറിഡോർ പദ്ധതിക്കായി ആദിവാസികളെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.