ഇടുക്കി: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ വലഞ്ഞ് വിനോദ സഞ്ചാരികളും. ഹര്‍ത്താലാണെന്ന് അറിയാതെ നിരവധി സഞ്ചാരികളാണ് ഇടുക്കിയിലെത്തിയത്. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം പോലും ലഭിയ്ക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് സഞ്ചാരികള്‍.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും തേക്കടിയിലുമെത്തിയ സഞ്ചാരികളാണ് ബുദ്ധിമുട്ടിലായത്. കൊച്ചു കുട്ടികള്‍ക്കടക്കം ഭക്ഷണം വാങ്ങി നല്‍കാനാവാത്ത അവസ്ഥയിലാണ് സഞ്ചാരികള്‍. ചുരുക്കം ചില വഴിയോര കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണ് ആശ്രയം.
ഹര്‍ത്താല്‍ സംബന്ധിച്ച് മുന്‍ കൂട്ടി വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിച്ചിരിന്നില്ല. പലരും മൂന്നാറില്‍ എത്തിയ ശേഷം മാത്രമാണ് ഹര്‍ത്താലാണെന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയിലെത്തി, വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക്, കാഴ്‌ചകള്‍ കാണാന്‍ പോകുന്നതിന് വാഹന സൗകര്യവും ലഭിച്ചില്ല. ഹര്‍ത്താലില്‍ ഇടുക്കി പൂര്‍ണ്ണമായും നിശ്ചലമാണ്.