ഇടുക്കി: കാലവര്‍ഷത്തിന് ശമനമാകുകയും ഇടുക്കിയിലെ വിനോദ സഞ്ചാരത്തിന് വിലക്ക് നീങ്ങുകയും ചെയ്തതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്. ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ചിത്രങ്ങള്‍ പകര്‍ത്താനും സ്വദേശിയരും വിദേശിയരും ഏറെ. ശ്രീനാരായണപുരം വെള്ളച്ചാട്ടവും ആറ്റുകാട് വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവുമെല്ലാം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയോരത്തെ ചീയപ്പാറ വെള്ളച്ചാട്ടത്തില്‍ മാത്രം ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ നല്‍കുന്ന നയനമനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണെന്ന് സഞ്ചാരികള്‍ പറയുന്നു.
മഴകനക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിരളമായി മാത്രമേ സഞ്ചാരികള്‍ ഇടുക്കിയിലേക്കെത്താറുള്ളു. മഴക്ക് ശേഷമുള്ള ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലാണ് വെള്ളച്ചാട്ടങ്ങള്‍ ഏറ്റവും അധികം ജലസമൃദ്ധവും മനോഹരവുമായി തീരുന്നത്. സുന്ദര ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ കണ്ട് മടങ്ങാമെന്നത് ഈ മാസങ്ങളുടെ പ്രത്യേകതയാണ്. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങള്‍ എത്തുന്നതോടെ സ്വദേശിയരും വിദേശിയരുമായ സഞ്ചാരികള്‍ കൂടുതലായി ഇടുക്കിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.