ഇടുക്കി: ലോക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് വിനോദ സഞ്ചാരം. ഒന്നാം ഘട്ടത്തിലെ ലോക് ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ നീങ്ങി വിനോദ സഞ്ചാര മേഖല ഉണര്‍ന്നതോടെ അതിജീവനത്തിന്‍റെ പാതയിലായിരുന്നു ടൂറിസ്റ്റ് ബസ്സുടമകളും ടാക്സി ഡ്രൈവര്‍മാരും. എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സിസി കുടിശ്ശികയും വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ക്കുമായി പതിനായിരക്കണക്കിന് രൂപ മുടക്കിയതിന് ശേഷമാണ് വാഹനങ്ങള്‍ നിരത്തിലിറക്കിയത്. എന്നാൽ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വാഹനങ്ങളെല്ലാം വീണ്ടും ഷെഡില്‍ കയറ്റേണ്ടി വന്നു. ഇതോടെ ലക്ഷങ്ങളുടെ ബാധ്യതയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് അറിയാതെ ആശങ്കയില്‍ കഴിയുകയാണ് വാഹന ഉടമകളും നൂറ് കണക്കിന് വരുന്ന ജീവനക്കാരും.
Read more: കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കാനാണ് സാധ്യത. അത്തരമൊരു സാഹചര്യത്തില്‍ ബസ്സടക്കമുള്ള വാഹനങ്ങള്‍ മാസങ്ങളോളം ഷെഡില്‍ കിടക്കേണ്ടിവരും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ തന്നെ വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ വന്‍ തുക മുടക്കേണ്ടി വരും. കഴിഞ്ഞ തവണ സര്‍ക്കാര്‍ എല്ലാ മേഖലയിലും സഹായം ലഭ്യമാക്കിയെങ്കിലും ടൂറിസ്റ്റ്, ടാക്സി വാഹനങ്ങളിലെ വരുമാനം മാത്രം ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ജീവനക്കാര്‍ക്കോ ഉടമകള്‍ക്കോ സഹായം ലഭിച്ചില്ല. നിലവില്‍ വാഹനങ്ങള്‍ വിൽപ്പന നടത്തി ബാധ്യത തീര്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഉടമകള്‍ പറയുന്നു. തൊഴിലാളികളാകട്ടെ ഉപജീവന മാര്‍ഗ്ഗത്തിനായി മറ്റ് മേഖലകളിലേയ്ക്ക് തിരിയുകയാണ്.
Read more: വീണ്ടും കൊവിഡ്, വീണ്ടും പ്രതിസന്ധി, വിനോദം നിലച്ച് ഇടുക്കി