ഇടുക്കി: ജില്ലയിലെ ആദ്യത്തെ ഹണി പ്രോസസിംഗ് യൂണിറ്റിന് തൊപ്പിപ്പാള ഗ്രാമത്തിൽ തുടക്കമായി. യുവസംരംഭകനും, തേനീച്ച കർഷകനുമായ സി.എസ്.സുമേഷാണ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. പി.എം.ഇ.ജി.പി പദ്ധതി വഴി ലഭിച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ പ്രയോജനപ്പെടുത്തിയാണ് ഹൈറേഞ്ച് ഹണി പ്രൊസസിംഗ് സെന്‍ററെന്ന സ്ഥാപനം ആരംഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കട്ടപ്പന ശാഖ വഴിയാണ് വായ്‌പ ലഭിച്ചത്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന തേൻ ഇവിടെ സംസ്ക്കരിക്കാൻ കഴിയും. ആധുനിക യന്ത്രസംവിധാനങ്ങളോടെ കഴിഞ്ഞ ദിവസം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
തേനീച്ചഗ്രാമമെന്ന് അറിയപ്പെടുന്ന ഇടുക്കിയിലെ തൊപ്പിപ്പാളഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ആയിരത്തോളം തേൻകൂടുകളാണ് സ്ഥാപിച്ചരിക്കുന്നത്. നിരവധി കര്‍ഷകരാണ് തേനീച്ച കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്.