ഇടുക്കി: ആദ്യ ദിനം വട്ടവട മേഖലയിലെ അഞ്ചോളം കര്‍ഷകരില്‍ നിന്നും 100കിലോ സ്‌ട്രോബറിയാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചത്. കിലോയ്ക്ക് 175 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് സംഭരണം. വട്ടവട കൃഷിഭവന്‍ കൃഷി അസിസ്റ്റന്‍റ് ജോബി, ഹോര്‍ട്ടി കോര്‍പ്പ് മൂന്നാര്‍ അസിസ്റ്റന്‍റ് മാനേജര്‍ ജിജോ.ആര്‍, സിജു ബി.പി എന്നിവരുടെ നേതൃത്വത്തിലാണ് സംഭരണം നടന്നത്. വട്ടവടയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോര്‍ട്ടി കോര്‍പ്പിന്‍റെ സബ്‌സെന്‍ററില്‍ കര്‍ഷകര്‍ നേരിട്ടെത്തിയാണ് സ്‌ട്രോബറി കൈമാറുന്നത്. തുടര്‍ന്നുള്ള എല്ലാ ദിവസവും സ്‌ട്രോബറി സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പിന്‍റെ തീരുമാനം.
75ഓളം കര്‍ഷകരാണ് വട്ടവട മേഖലയിലുള്ളത്. വട്ടവടക്ക് പുറമെ മൂന്നാര്‍, കാന്തല്ലൂര്‍ മേഖലകളിലും സ്‌ട്രോബറി കൃഷി ചെയ്യുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പിന്‍റെ പരിധിയില്‍ രണ്ടര ഏക്കറോളം പ്രദേശത്ത് മൂന്നാറിലും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഇടങ്ങളില്‍ നിന്ന് സംഭരിക്കുന്ന സ്‌ട്രോബറി മൂന്നാറിലെ സ്‌ട്രോബറി പാര്‍ക്കിലാണ് എത്തിക്കുന്നത്. മുമ്പ് വിവിധ ജില്ലകളിലേക്ക് സ്‌ട്രോബറി കയറ്റുമതി നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്‌ട്രോബറിയുടെ കയറ്റുമതി ബുദ്ധിമുട്ടാണ്. മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി സ്‌ട്രോബറിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹോര്‍ട്ടി കോര്‍പ്പ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്.