ഇടുക്കി: കുഞ്ഞ് അജീഷയ്‌ക്ക് കണ്‍നിറയെ ലോകം കാണണം, ചേട്ടനുമൊത്ത് കളിയ്‌ക്കണം. ഇരുളിന്‍റെ ലോകത്ത് നിന്നും ഈ കുരുന്നിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍ധന കുടുംബം. മൂന്ന് വയസുകാരിയാണ് ഇടുക്കി നെടുങ്കണ്ടം പാറത്തോട് പ്ലാത്തറയ്‌ക്കല്‍ വീട്ടില്‍ അനുവിന്‍റെ മകള്‍ അജീഷ.
കുസൃതി ചിരികളുമായി ഓടി നടക്കുമ്പോള്‍ തട്ടി വീഴുന്നതും, ശബ്‌ദത്തിനനുസരിച്ച് പ്രതികരിയ്‌ക്കുന്നതും കണ്ടപ്പോഴാണ് മകള്‍ക്ക് കാഴ്‌ച ശേഷിയില്ലെന്ന് അനുവിന് മനസിലാകുന്നത്. ഒരു കണ്ണിന് നേരിയ കാഴ്‌ചയുണ്ട്. കളിപ്പാട്ടങ്ങളുടെ നിറങ്ങള്‍ ഈ കണ്ണിനോട് ചേര്‍ത്ത് പിടിച്ച് അജീഷ നോക്കും. ജന്മനായുള്ള തിമിരം ശസ്‌ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്‌ടര്‍മാരുടെ ഉറപ്പ്.
കണ്ണിന് രണ്ട് ശസ്‌ത്രക്രിയകള്‍ ആവശ്യമുണ്ട്. എന്നാല്‍ നിര്‍ധന കുടുംബത്തിന് ചികിത്സയ്‌ക്കും തുടര്‍ ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. പ്ലസ്‌ടു പഠനത്തിനിടെയായിരുന്നു അനുവിന്‍റെ വിവാഹം.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി, തുടര്‍ന്ന് പഠിപ്പിച്ചുകൊള്ളാമെന്ന് വാഗ്‌ദാനം നല്‍കിയായിരുന്നു വിവാഹ ആലോചന. എന്നാല്‍ വിവാഹത്തോടെ അനുവിന്‍റെ പഠനം മുടങ്ങി.
ചെറുപ്രായത്തില്‍ രണ്ട് മക്കളുടെ അമ്മയുമായി. ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനവും ഏല്‍ക്കേണ്ടി വന്നു. നിലവില്‍ ഇയാള്‍ ഇവര്‍ക്കൊപ്പമല്ല താമസിക്കുന്നത്.
കൂലിപ്പണിക്കാരനായ അച്ഛന്‍റെ സംരക്ഷണയിലാണ് അനുവും മക്കളും കഴിയുന്നത്. രോഗിയായ ഭാര്യയും മറ്റ് മൂന്ന് കുട്ടികളും ഉള്‍പ്പടെ എട്ടംഗ കുടുംബത്തിന്‍റെ ചെലവ് കൂലിപ്പണിയിലൂടെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണ് പിതാവ്. ഇതിനിടെയാണ് അജീഷയ്‌ക്ക് കാഴ്‌ചയ്‌ക്ക് തകരാറുണ്ടെന്ന വിവരം കുടുംബം തിരിച്ചറിയുന്നത്.
മലമുകളിലെ നാല് സെന്‍റ് ഭൂമിയിലെ കൊച്ചു വീട് മാത്രമാണ് ഈ കുടുംബത്തിന്‍റെ ഏക സമ്പാദ്യം.