ഇടുക്കി: പെട്ടിമുടിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലില്‍ സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. പെട്ടിമുടിലയത്തിലെ താമസക്കാരായ ചെല്ലദുരൈ (55) ,രേഖ (27) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി തിരിച്ചറിഞ്ഞത്. ഒരാളുടെ മൃതദ്ദേഹം ഇനിയും തിരിച്ചറിയാനുണ്ട്. കുട്ടികളുൾപ്പെടെ 19 പേര്‍ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് നിഗമനം. അതേസമയം പ്രദേശത്ത് കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തും, വന്നടിഞ്ഞ വലിയ പാറകള്‍ പൊട്ടിച്ചും തെരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
മണ്ണിടിഞ്ഞ ലയങ്ങൾ നിലനിന്നിരുന്ന സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പ്രദേശത്ത് മഴ മാറിനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വേഗത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അപകടം നടന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകള്‍ മാറിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പല മൃതദേഹങ്ങളും കണ്ടെത്തിയത്.
സമീപത്തെ പുഴയോട് ചേർന്ന് മൃതദ്ദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സ്‌കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്‌നാട് വെല്‍ഫെയര്‍ തുടങ്ങിയവരുടെ സംയുക്തത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തെരച്ചിൽ ഏകോപിപ്പിച്ചിരിക്കുന്നത്.