ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വിൽപനക്കായി എത്തിച്ച കഞ്ചാവുമായി നാല് പിടിയിൽ. കട്ടപ്പനയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സുഹൃത്തുക്കള്‍ പിടിയിലായത്. കോതമംഗലം സ്വദേശികളായ എബി, ഫൈസൽ, തൊടുപുഴ സ്വദേശി അജ്മൽ, മുവാറ്റുപുഴ ആരക്കുഴ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴടക്കിയത്.
കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി കട്ടപ്പനയിലെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ടൗണിലെ വൺവേ തെറ്റിച്ചെത്തിയ ഇവരുടെ വാഹനം കണ്ട് സംശയം തോന്നിയ പൊലീസ് പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലൂടെ അപകടകരമായ രീതിയിലാണ് പ്രതികൾ വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി കവലയിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചെങ്കിലും വാഹനം നിർത്താതെ പോയി.
ഇരുചക്ര വാഹന യാത്രികന്‍റെ സഹായത്തോടെ പേഴുംകവലയിൽ വച്ചാണ് നാല് പേരെയും വാഹനവും കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്നും 200 ഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. ചില്ലറ വില്‍പ്പനക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.