ഇടുക്കി: കൊവിഡ് രൂക്ഷമായതോടെ തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിലെ ഒപിയിൽ നിയന്ത്രണങ്ങൾ. പ്രത്യേക ഒപിയിൽ അടുത്ത ആഴ്‌ച മുതൽ പൂർണമായും ഓണ്‍ലൈൻ ഫോൺ ബുക്കിംഗ് ഏർപ്പെടുത്തും. കഴിഞ്ഞ രണ്ട് ആഴ്‌ചയായി തൊടുപുഴ നഗരത്തിലടക്കം രോഗികളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വാക്സിനേഷനുള്ള തിരക്ക് കുറക്കാൻ ടോക്കൺ സംവിധാനം ഒരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
നിലവിൽ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ ഐസിയു പൂർണമായും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്.ആശുപത്രിയിലെ 62 ഐസൊലേഷൻ കിടക്കകളിലും 16 ഐസിയു കിടക്കകളിലും നിലവിൽ രോഗികളുണ്ട്. പുതിയതായി ആരെയും പ്രവേശപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ തീയറ്ററിന്‍റെ നിർമ്മാണം പൂർത്തിയാകാത്തിതിനാൽ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗികളുടെ ഡയാലിസിസിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.