ഇടുക്കി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജില്ലയിലെ സർക്കാർ കോളജിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. 2018 ഒക്ടോബർ 10ന് പ്രവർത്തനം ആരംഭിച്ച ശാന്തൻപാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളാണ് പരിമിതമായ സാഹചര്യങ്ങളിൽ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി കണക്ക്, ബികോം എന്നീ ബിരുദ കോഴ്സുകളിൽ ഒന്നും രണ്ടും വർഷ ബാച്ചുകളിലായി 143 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കോളജ് പ്രവർത്തിക്കുന്നത് ശാന്തൻപാറ പഞ്ചായത്ത് എൽപി സ്കൂളിലെ ആറ് മുറികളിലാണ്. ജൂൺ 1ന് അടുത്ത ബാച്ചിന് ക്ലാസ് ആരംഭിക്കും. അതിനു മുൻപ് കെട്ടിടം നിർമിച്ചില്ലെങ്കിൽ കോളജിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ എവിടെ ഇരുത്തി പഠിപ്പിക്കും എന്ന ആശങ്കയിലാണ് അധികൃതർ.
റവന്യു വകുപ്പിന്‍റെ ഉദാസീനത മൂലം കോളജിനായി പൂപ്പാറയിൽ കണ്ടെത്തിയ അഞ്ച് ഏക്കർ ഭൂമി വിട്ടു കിട്ടിയിട്ടില്ല. ഭൂമി വിട്ടു കിട്ടിയാൽ മാത്രമേ കെട്ടിട നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ കഴിയൂ. തോട്ടം മേഖലയിലെ ആദ്യ കോളജ് ആയതിനാൽ കൂടുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതിന് കോളജ് വിദ്യാഭ്യാസ വകുപ്പും സർവകലാശാലയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലുള്ള വിദ്യാർഥികൾക്ക് പോലും ഇരുന്ന് പഠിക്കാൻ സാഹചര്യം ഇല്ലാത്തതിനാൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ നൽകേണ്ടതില്ല എന്നാണ് കോളജ് അധികൃതർ പറയുന്നത്.