ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പഭക്തർക്കായി ഇടത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു. കമ്പംമെട്ട് അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തർക്ക് വിരിവയ്ക്കുവാൻ ചപ്പാത്തിൽ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഇടത്താവളം മാത്രമാണ് നിലവിലുള്ളത്. അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് ഭീമമായ തുക അതിർത്തി ചെക്പോസ്റ്റിൽ ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യമില്ലാത്ത അവസ്ഥയാണ്.
കമ്പം വഴി അതിർത്തി കടന്നെത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കമ്പംമെട്ട് വഴി അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തിരിച്ചു വിടാൻ തുടങ്ങിയത്. കുമളി-കുട്ടിക്കാനം പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ നടപടി. ഈ കാലഘട്ടം മുതൽ ഉയരുന്ന ആവശ്യമാണ് ഭക്തർക്കായി കട്ടപ്പന മേഖലയിൽ ഇടത്താവളമെന്നത്. എന്നാൽ ഇത് യാഥാർഥ്യമാക്കുവാൻ സർക്കാരിനോ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾക്കോ കഴിഞ്ഞിട്ടില്ല.
ഈ മണ്ഡലകാലം കഴിയുവാൻ ദിവസങ്ങൾ ശേഷിക്കേ കട്ടപ്പന-കുട്ടിക്കാനം പാതയിൽ ദിവസേന സ്വാമിമാരുടെ വലിയ ഒഴുക്കാണ് ഉണ്ടാകുന്നത്. കമ്പംമെട്ടിൽ സ്വകാര്യ വ്യക്തി നിർമിച്ച ഇടത്താവളമൊഴിച്ചാൽ പിന്നീടുള്ളത് ചപ്പാത്തിലെ ക്ഷേത്രവക വിരിവയ്ക്കൽ കേന്ദ്രമാണ്. വണ്ടിപ്പെരിയാറിൽ മാത്രമാണ് പഞ്ചായത്തിന്‍റേതായി ഇടത്താവളമുള്ളത്. എന്നാൽ ഇവിടങ്ങളിലെല്ലാം സൗകര്യങ്ങൾ അപര്യാപ്‌തമാണ്. കമ്പംമെട്ട് അതിർത്തി കടന്നു വരുന്ന അയ്യപ്പ ഭക്തരുടെ പെർമിറ്റ് വാഹനങ്ങൾക്ക് വലിയ തുകയാണ് ആർടിഒ ചെക്പോസ്റ്റിൽ നികുതിയായി നൽകേണ്ടത്.
50 സീറ്റുള്ള ഒരു വാഹനം ഏഴ് ദിവസത്തേക്ക് നൽകേണ്ടത് 11,075 രൂപയാണ്. ഇത് എട്ട് ദിവസമായാൽ ഒരു മാസത്തെ നികുതി തുകയായ 36,500 രൂപയാണ് ഈടാക്കുക. ഇത്രയും തുക നൽകിയിട്ടും അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോരങ്ങളിൽ ആവശ്യമായ ബയോടോയ്‍ലെറ്റുകൾ സ്ഥാപിക്കുവാൻ തയ്യാറായിട്ടില്ലാത്തതിനാൽ അയ്യപ്പ ഭക്തർ പൊതുയിടങ്ങളിൽ വിസർജ്യം നടത്തുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടവരുത്തുന്നുണ്ട്.