ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ മാങ്കുളം ആനക്കുളത്ത് സഞ്ചാരികള്‍ക്കായി പ്രകൃതി സൗഹൃദപാര്‍ക്ക് നിര്‍മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. മണിക്കൂറുകളോളം ആനയെ കാണാനായി കാത്തിരിക്കുന്ന സഞ്ചാരികളുടെ വിരസത ഒഴിവാക്കാന്‍ പാര്‍ക്ക് നിര്‍മിച്ചാല്‍ സഹായകരമാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. ആന എത്താത്ത സമയങ്ങളില്‍ ആനക്കുളത്തെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുന്ന സാഹചര്യം ഒഴിവാക്കാനും പ്രകൃതി സൗഹൃദ ഉദ്യാനത്തിന്‍റെ നിര്‍മാണം കൊണ്ട് സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പൂര്‍ണമായി പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ആനക്കുളത്തിന്‍റേത്. കാട്ടാനകളാണ് ആനക്കുളത്തിന്‍റെ മുഖ്യ ആകര്‍ഷണം. ആനകള്‍ വെള്ളം കുടിക്കുന്ന ഈറ്റച്ചോലയാറിനോട് ചേര്‍ന്നുള്ള ഭാഗം വനംവകുപ്പിന്‍റെ കീഴിലുള്ള മുളംകാടാണ്. ഇവിടുത്തെ അടിക്കാടുകള്‍ മാത്രം വെട്ടി ഒതുക്കിയാല്‍ കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും വിരസത ഒഴിവാക്കുന്നതിനുമായി ഉദ്യാനം തീര്‍ക്കാനാകും. ചൂട് കൂടുതലുള്ള ആനക്കുളത്ത് സഞ്ചാരികള്‍ പൊരിവെയിലത്ത് ആനകളെ കാത്തിരിക്കേണ്ടുന്ന സാഹചര്യവും ഉണ്ട്.
ആനക്കുളത്തിന്‍റെ വിനോദ സഞ്ചാര വികസനത്തിനായി പദ്ധതികള്‍ പലതും ആവിഷ്ക്കരിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പാര്‍ക്കിന്‍റെ കാര്യത്തിലെങ്കിലും അനുകൂല സമീപനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.