ഇടുക്കി: വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഏറെ പ്രതീക്ഷയോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നത്. ആദ്യഘട്ടത്തിൽ ഏറെ പ്രതീക്ഷ നൽകിയെങ്കിലും നിലവിൽ ജില്ലയിലെ ടൂറിസം മേഖല നിറം മങ്ങിയ അവസ്ഥയിലാണ്.
തണുത്ത കാലാവസ്ഥ മാറി കനത്ത ചൂട് അനുഭവപ്പെട്ടതോടെ വിനോദ സഞ്ചരികളുടെ വരവ് കുറഞ്ഞു. കൂടാതെ തെരെഞ്ഞെടുപ്പ് പ്രഖ്യാപനവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കശനമാക്കിയതും ടൂറിസം മേഖലക്ക് തിരിച്ചടിയായി. ജില്ലയിലെ വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പ്രദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. ദിവസവും ആയിരത്തിലധികം പേർ എത്തിയിരുന്ന രാജാക്കാട് ശ്രീനാരായണപുരം ടൂറിസം കേന്ദ്രത്തില്‍ ഇപ്പോൾ വിനോദസഞ്ചാരികളുടെ എണ്ണം 200ല്‍ താഴെയായി.
സഞ്ചാരികളുടെ അഭാവം മൂലം ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ കടുത്ത സാമ്പത്തിക ബാധ്യതകളിലേക്കാണ് ടൂറിസം കേന്ദ്രങ്ങളും ഇവയെ ആശ്രയിച്ച് കഴിയുന്നവരും കൂപ്പുകുത്തിയിരിക്കുന്നത്.