ഇടുക്കി: കട്ടപ്പനയിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തത്. പഴകിയ എണ്ണ, ഇറച്ചി, മത്സ്യ വിഭവങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
പഴകിയ ഭക്ഷണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കട്ടപ്പന നഗരസഭാ അധികൃതർ വ്യക്തമാക്കി. നഗരത്തിനുള്ളിലെ ഏഴ് പ്രധാന ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. ഇതിൽ അഞ്ചിലും പഴകിയ ഭക്ഷണം കണ്ടെത്തി. ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പരിശോധനകൾ നടത്തിവരുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.