ഇടുക്കി: സൗരോർജം ഉപയോഗിച്ച് ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വണ്ടൻമേട്ടിൽ നിർമിച്ച 33 കെവി സബ് സ്റ്റേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു. ഡാമുകളിലും വീടുകളിലും സോളാർ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് കെഎസ്‌ഇബി ശ്രമിക്കുന്നത്. പഴകിയ വിതരണശൃംഖല പുതുക്കുന്നതോടൊപ്പം 400 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിച്ച് കേരളത്തിലെ മുഴുവൻ വിതരണ രംഗത്തും മാറ്റം വരുത്താനുള്ള പദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് സബ്സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. നെടുങ്കണ്ടം 66 കെവി സബ്സ്റ്റേഷനിൽ 33 കെവി ഫീഡർ സ്ഥാപിക്കുകയും അവിടെ നിന്നും 21 കിലോമീറ്റർ ദൈർഘ്യമുള്ള 33 കെവി ഓവർ ഹെഡ്‌ലൈൻ നിർമിച്ചുമാണ് വണ്ടൻമേട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 25000ല്‍ അധികം വൈദ്യുതി ഉപഭോക്താക്കൾക്ക് തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ഇതോടെ സാധിക്കും. 7.1 കോടി രൂപ ചിലവിട്ടാണ് സബ്സ്റ്റേഷന്‍ നിര്‍മിച്ചത്.