ഇടുക്കി: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്‌കുമാറിന്‍റെ മരണം കസ്റ്റഡിയിൽ നിന്നേറ്റ മർദനത്തെ തുടർന്നെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ. കേസിൽ ജനുവരി ആദ്യവാരം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാജ്‌കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 70 ഓളം സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. എസ്ഐ മുറിയിൽ വെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വെച്ചും മർദിച്ചതായുമുള്ള സാക്ഷി മൊഴികൾ വസ്തുതാപരമാണന്നും തെളിഞ്ഞിട്ടുണ്ട്.
ഹരിത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയുടെയും നിജസ്ഥിതി പരിശോധിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, മറ്റ് മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശി രാജ്‌കുമാർ 2019 ജൂണ്‍ 21നാണ് പീരുമേട് സബ്‌ജയിലില്‍ വച്ച് മരിച്ചത്. നവംബർ 16ന് പിടികൂടിയ രാജ്‌കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃത കസ്റ്റഡിയിൽ വച്ച് മൂന്ന് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.