ഇടുക്കി: ഗര്‍ത്തം രൂപപ്പെട്ട പൂപ്പാറ മുള്ളംതണ്ടിൽ ജിയോളജിസ്റ്റ് ഡോ. വി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ശാന്തമ്പാറ പഞ്ചായത്തിലെ ജനവാസ മേഖലയായ മുള്ളംതണ്ട് മലമുകളിലാണ് റോഡിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ചെറുതായി രൂപപ്പെട്ട ഗര്‍ത്തം ശക്തമായ മഴയെ തുടർന്ന് വലുതാകുകയായിരുന്നു. ഗർത്തം രൂപപ്പെട്ടതോടെ സമീപത്തുകൂടി കടന്ന് പോകുന്ന റോഡ് ഇടിഞ്ഞ് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമാണ് ഭൂഗർഭ തുരങ്കം രൂപപ്പെടാന്‍ കാരണമെന്നും ജിയോളജിസ്റ്റ് ഡോ. വി അജയകുമാർ പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പഠനം നടത്തുവാൻ ശുപാർശ ചെയ്യുമെന്നും അജയകുമാര്‍ വ്യക്തമാക്കി. പരിശോധനയിൽ എട്ട് അടിയോളം ആഴമുള്ള ഗർത്തത്തിന്റെ അടിയിൽ വെള്ളം ഒഴുകുന്ന തുരങ്കം കണ്ടെത്തി. മലയുടെ മുകളിൽ നിന്നും കിഴക്ക് പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന വെള്ളം അടിവാരത്തുള്ള മുത്തുകറുപ്പന്‍റെ കൃഷിടത്തിലേക്കാണ് പതിക്കുന്നത്.