ഇടുക്കി: ഹൈറേഞ്ചിന്‍റെ കാർഷിക ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് രാജകുമാരി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂൾ. ജൈവ കൃഷി പരിപാലനത്തിനൊപ്പം പുതിയ കാർഷിക രീതിക രീതികളും കർഷകരിലേക്ക് എത്തിക്കുകയാണ് ഇവിടുത്തെ വിദ്യാർഥികൾ.
പഠനത്തോടൊപ്പം കാർഷിക സംസ്ക്കാരവും വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് രാജകുമാരി വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷി വകുപ്പ് അധികൃതരിൽ നിന്നും ഇന്റർനെറ്റിന്റെ സഹായത്തോടെയും ലഭിക്കുന്ന കൃഷി പരിപാലന രീതികൾ സ്കൂളിൽ പ്രായോഗികമായി പരീക്ഷിക്കും. പിന്നീട് ഫീൽഡ് വർക്ക് ചെയ്ത് പുതിയ കൃഷി രീതി കർഷകരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. ഗ്രോബാഗുകളിൽ തൈകൾ പരിപാലിച്ച് ഇവ കർഷകർക്ക് എത്തിച്ച് നൽകുന്നുമുണ്ട്.
വേനലിലും മഴക്കാലത്തും തുടർന്ന് പോകാൻ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ കൃഷി. ആഴ്ചയിൽ രണ്ട് തവണ വിളവെടുക്കുന്ന പച്ചക്കറി വിറ്റ് കിട്ടുന്ന പണം സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. പ്രിൻസിപ്പാൾ ബ്രിജേഷ് ബാലകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ പ്രിൻസ് പോൾ, സി എം റീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നത്.