ഇടുക്കി: മഹാത്മ ഗാന്ധിയുടെ ബാല്യം മുതൽ രക്തസാക്ഷിത്വം വരെയുള്ള എഴുപതോളം ചിത്രങ്ങൾ കോർത്തിണക്കി കുമളിയിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായാണ് പ്രദർശനം. അഴുത ബ്ലോക്ക് പഞ്ചായത്തംഗവും മാധ്യമ പ്രവർത്തകനുമായ കെ. എ. അബ്ദുൾ റസാഖ് വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിച്ചത്. ഗാന്ധി സങ്കല്‍പങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളെ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്ര പ്രദർശനം. പ്രദർശനം കാണുന്നതിന് നിരവധിയാളുകൾ എത്തിച്ചേർന്നു. ഒരു മാസം കൊണ്ടാണ് എഴുപത് ചിത്രങ്ങൾ വരച്ചത്.
കേരള നിയമസഭയിലെ 140 എംഎൽഎമാരുടെ ചിത്രങ്ങൾ, ചെഗുവര, ഫിഡൽ കാസ്ട്രോ എന്നിവരുടെ വിവിധ ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച പ്രദർശനം അബ്ദുൾ റസാഖ് നേരത്തെ സംഘടിപ്പിച്ചിരുന്നു. തന്‍റെ സൃഷ്‌ടികള്‍ കോർത്തിണക്കി കുമളി റോസാപ്പൂക്കണ്ടത്ത് ആർട് ഗാലറി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരനായ അബ്ദുൾ റസാഖ്.