ഇടുക്കി: ശാന്തൻപാറ പേത്തൊട്ടിയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യനെ (74) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പരിശോധന ഫലം വ്യാഴാഴ്‌ച വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യന് പേത്തൊട്ടിയിൽ മുക്കാൽ ഏക്കർ ഏലം കൃഷിയുണ്ട്. ഭാര്യ ലീലാവതിയുടെ മരണത്തിന് ശേഷം തനിച്ചായിരുന്നു താമസം. ലോക്ക് ഡൗണിന് മുമ്പ് ഏകമകനായ മുരുകേശൻ താമസിക്കുന്ന തമിഴ്‌നാട്ടിലെ വീട്ടിലേയ്ക്ക് പാണ്ഡ്യൻ പോയിരുന്നു. മടങ്ങി വരാനുള്ള പാസ് ലഭിക്കാത്തതിനാൽ അവിടെ കുടുങ്ങി. എന്നാൽ 18 ദിവസം മുമ്പ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി വണ്ടിയിൽ കയറി ശാന്തൻപാറയിലെ ചുണ്ടലിൽ എത്തി. അവിടെനിന്നും ഓട്ടോറിക്ഷയിൽ പേത്തൊട്ടിയിൽ എത്തിയെങ്കിലും അധികൃതർ കണ്ടെത്തി വീട്ടിൽ ക്വാറന്‍റൈനിലാക്കി. 14 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിതിന് പിറ്റേന്ന് കടുത്ത ജലദോഷവും പനിയും പിടികൂടി. തുടർന്ന് ശാന്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ജൂലൈ 13ന് പാണ്ഡ്യനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് ചലനമില്ലാതെ കിടക്കുന്ന പാണ്ഡ്യനെ ആദ്യം കണ്ടത്. തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.