ഇടുക്കി: സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ സി.പി.ഐ രംഗത്ത്. കേരളത്തിൽ വനം കൊള്ളക്ക് എല്ലാ വിധ സഹായവും ചെയ്‌തു നൽകുന്നത് വനം വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകരെ കേസില്‍ പ്രതിയാക്കാനുള്ള നീക്കം അനുവധിക്കില്ലെന്നും ശിവരാമന്‍ കൂട്ടിച്ചേർത്തു. പട്ടയ ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും കര്‍ഷകന് നൽകുന്നതായിരുന്നു 2020 ഒക്ടോബര്‍ ഇരുപത്തിനാലിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മാണത്തിനും സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി ഇടുക്കി ജില്ലയിലെ കര്‍ഷകരും മരങ്ങള്‍ മുറിച്ചിരുന്നു.
ഇത്തരത്തില്‍ മരം മുറിച്ച എല്ലാവരേയും പ്രതികളാക്കി കേസെടുക്കാനാണ് സി.സി.എഫിന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഡി.എ.പി.ഒമാര്‍ ഫോറസ്റ്റോഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയത്. ഇതിനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സി.പി.ഐ യും ഉദ്യോഗസ്ഥ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ALSO READ: മുട്ടില്‍ മരം മുറി : വനംവകുപ്പ് കൈമാറിയ റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി
ഉന്നത ഉദ്യോഗസ്ഥരുടെ വിവാദ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഒരുപറ്റം ഉദ്യോഗസ്ഥര്‍ കേസെടുക്കല്‍ നടപടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ പല പ്രദേശങ്ങളിലും വനംവകുപ്പ് കര്‍ഷകരെ പ്രതിയാക്കി കേസുകളെടുത്തു തുടങ്ങിയിട്ടുണ്ട്.