ഇടുക്കി: വാഗമണ്‍ തവളപ്പാറമലയിൽ പാറ ഖനനം നടത്തുന്നതിന് റവന്യൂ വകുപ്പ് നല്‍കിയിരുന്ന എന്‍ഒസി ഇടുക്കി ജില്ലാ കലക്‌ടർ റദ്ദ് ചെയ്ത് ഉത്തരവിറക്കി. കാലാവധി കഴിഞ്ഞ എന്‍ഒസി ദീര്‍ഘിപ്പിച്ച് നല്‍കിയ നടപടി തെറ്റാണെന്ന് റവന്യൂ വിജിലന്‍സ് വിഭാഗം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച വാര്‍ത്ത ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ അടിയന്തര നടപടി.
എന്‍ഒസി ലഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ ഹാജരാക്കുവാന്‍ അനീഷിന് സാധിച്ചില്ല. എന്‍ഒസിയുടെ കാലാവധി കഴിഞ്ഞതോടെ ഇത് ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീണ്ടും അപേക്ഷ നല്‍കുകയും 2020ല്‍ എന്‍ഒസിയുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്തു.
Also Read: വധശിക്ഷയിൽ നിന്ന് മോചനം; വീണ്ടും ജന്മനാട് കണ്ട് ബെക്‌സ് കൃഷ്ണൻ
എന്നാൽ ഈ നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തുകയും തവളപ്പാറമല സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സമിതി ഭാരവാഹി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വിഭാഗം വിജിലന്‍സ് അന്വേഷണം നടത്തുകയും എന്‍ഒസി ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത് റദ്ദ് ചെയ്യണമെന്ന റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഇ ടി വി ഭാരതിന്‍റെ വാർത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് എന്‍ഒസി റദ്ദ് ചെയ്ത് ഇടുക്കി ജില്ല കലക്‌ടർ എച്ച്. ദിനേശന്‍ ഉത്തരവിറക്കിയത്.
Also Read: സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിച്ച് വരുന്ന നിരവധി കുടുംബങ്ങളുടെ കുടിവെള്ളത്തിനും റോഡിനും വീടുകള്‍ക്കും ഭീഷണിയാകുന്ന പാറ ഖനനത്തിന് ഇനിയിവിടെ അനുമതി നല്‍കില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. രണ്ട് വര്‍ഷക്കാലം നീണ്ട് നിന്ന നിയമ പോരാട്ടാത്തിനും പ്രതിഷേധ പരിപാടികള്‍ക്കുമാണ് മാധ്യമ ഇടപെടലിലൂടെ പര്യവസാനമായത്.