ഇടുക്കി: സംസ്ഥാനത്ത് മലയോര-തീരദേശ ഹൈവേകളുടെ നിര്‍മ്മാണത്തിനായി പതിനായിരം കോടി രൂപയാണ് ചിലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീരുമേട്- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് മുതല്‍ ദേവികുളം വരെ രണ്ട് ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
കുട്ടിക്കാനം - ഏലപ്പാറ - കട്ടപ്പന - നെടുങ്കണ്ടം - ഉടുമ്പന്‍ചോല -ദേവികുളം എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഹൈവേ കടന്ന് പോവുക. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 19 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ഇതിന് 2017ല്‍ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് 80 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തികാനുമതി നല്‍കി. സമയബന്ധിതമായി സാങ്കേതികാനുമതിയും ലഭ്യമാക്കി. റോഡിനിരുവശവും നടപ്പാതയോട് കൂടി 12 മീറ്റര്‍ വീതിയിലാണ് ഹൈവേ നിര്‍മ്മിക്കുക. പാതയോരത്ത് വിവിധയിടങ്ങളില്‍ ശുചിമുറി സൗകര്യത്തോടെ വിശ്രമകേന്ദ്രങ്ങള്‍, പ്രധാന സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങള്‍, റോഡിന് വശങ്ങളിലെ കാഴ്ച്ചകള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ റോഡിന്‍റെ ഭാഗമായി നിര്‍മ്മിക്കും.
18 മാസങ്ങള്‍ക്കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ചപ്പാത്ത് മുതല്‍ കട്ടപ്പന വരെ 21 കിലോമീറ്റര്‍ നിര്‍മ്മാണത്തിനുള്ള 84 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇവ രണ്ടും പൂര്‍ത്തീകരിക്കുന്നതോടെ ഇടുക്കിയുടെ വികസനം പുരോഗതിയിലേക്ക് കുതിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടി, വാഗമണ്‍, രാമക്കല്‍മേട്, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവും. കാര്‍ഷിക മേഖലയിലും വലിയ മുന്നേറ്റം നല്‍കും. ഇത് കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയുടെ മറ്റ് മേഖലകളില്‍ നിന്നുമുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹൈവേ ഏറെ പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.