ഇടുക്കി: വില വർധനവിന് പിന്നാലെ കൊളുന്തില്ലാതെ ഇടുക്കിയിലെ തേയില കർഷകർ വീണ്ടും പ്രതിസന്ധിയിൽ. ഒരു കിലോ പച്ച കൊളുന്തിന് 24 മുതൽ 28 വരെയാണ് ഇപ്പോൾ ലഭിക്കുന്ന വില. കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചതോടെ കൊളുന്ത് ഉത്പാദനം കൂടുകയും ഒരു കിലോ കൊളുന്തിന് 10 രൂപയിലേക്ക് താഴുകയും ചെയ്തു.
ALSO READ:ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി ഉടമ,കിലോയ്‌ക്ക് 45 രൂപ ; ഉദ്യോഗസ്ഥ പീഡനമെന്ന് ആരോപണം
എന്നാൽ മഴ മാറി കനത്ത വേനൽ വന്നതോടെ കൊളുന്ത് ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. രോഗങ്ങളും പടർന്ന് പിടിക്കാൻ തുടങ്ങി. ഇതോടെ ഭീമമായ തുക മുടക്കി കീടനാശിനി ഉപയോഗിച്ചാണ് രോഗബാധയിൽ നിന്ന് രക്ഷനേടുന്നത്. എട്ട് ദിവസത്തിലൊരിക്കൽ കീടനാശിനിയടിക്കണം. തൊഴിലാളികളുടെ ചെലവ് നൽകാനുള്ള കൊളുന്ത് പോലും ലഭിക്കുന്നുമില്ല. വില കൂടിയതിന്‍റെ ഒരു ഗുണവും കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ്.
കൊളുന്തുള്ളപ്പോൽ വിലയില്ല, വിലയുള്ളപ്പോൾ കൊളുന്തുമില്ല ഇതാണ് കർഷകരുടെ അവസ്ഥ. ലക്ഷക്കണക്കിന് രൂപ വായ്‌പ തരപ്പെടുത്തിയാണ് കർഷകർ കൃഷി ചെയ്യുന്നത്. ഈ നില തുടർന്നാൽ ചെറുകിട തേയില കർഷകർ തേയില കൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന ഭീതിയിലാണ്.