ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പൂര്‍ണമായി നിര്‍ത്തി. ഒരു മണിയോടെയാണ് വൈഗയിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന ടണല്‍ തമിഴ്‌നാട് അടച്ചത്. നിലവില്‍ 141.65 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണ ശേഷി.
മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഒഴുകിയെത്തുന്നത് 141 ഘനയടി വെള്ളമാണ്. ഇത് തുറന്നിരിക്കുന്ന ഒരു ഷട്ടറിലൂടെ പുറത്തേക്കൊഴുക്കുന്നുണ്ട്.
എന്നാല്‍ നിലവിൽ വൈഗ അണക്കെട്ടിന്‍റെ 7 ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ വൈഗയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് തമിഴ്‌നാടിന്‍റെ വിശദീകരണം.