ഇടുക്കി: കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു കാലിവളര്‍ത്തല്‍. എന്നാല്‍ കത്തുന്ന വെയിലില്‍ ക്ഷീരമേഖല വിയര്‍ക്കുകയാണ്. വരള്‍ച്ചയുടെ ആരംഭത്തിതന്നെ ക്ഷീരമേഖല ഉരുകി തുടങ്ങി. തീറ്റപ്പുല്ലിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. കനത്തചൂടില്‍ തീറ്റപ്പുല്ലെല്ലാം കരിഞ്ഞുണങ്ങി തുടങ്ങി. സമീപ പ്രദേശങ്ങളിലെ വനത്തിലും തീറ്റപ്പുല്ലിന് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒപ്പം ജലസ്രോതസുകളും വറ്റി വരണ്ടതോടെ കാലികള്‍ക്ക് കുടിവെള്ളത്തിനും ക്ഷാമമായിരിക്കുകയാണ്.
നിലവില്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന വൈക്കോലും ചോളം തണ്ടുമാണ് കാലികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഒരു റോള്‍ വൈക്കോലിന് 350 രൂപയാണ് വില. ചോളം തണ്ട് ഒന്നിന് 2 രൂപ മുതല്‍ 4 രൂപ വരെയും. ഇത്രയും തുക നല്‍കി തീറ്റ വാങ്ങാനാവാത്ത അവസ്ഥയിലാണ് ചെറുകിട ക്ഷീര കര്‍ഷകര്‍. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ തീറ്റപ്പുല്‍ ക്ഷാമത്താല്‍ കാലിവളര്‍ത്തല്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ക്ഷീരകര്‍ഷകര്‍.