ഇടുക്കി: പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ യുവാവിന്‍റെ ആത്മഹത്യ ഭീഷണി. വാഗമണ്‍ നാരകക്കുഴി സ്വദേശി പുത്തന്‍പുരക്കല്‍ അനീഷാണ് നിര്‍മാണം നിലച്ച വാഗമണ്‍ കോട്ടമല റൂട്ടില്‍ നാരകക്കുഴിയിലെ വലിയ തോടിന് കുറുകെയുള്ള പാലത്തിന്‍റെ തൂണില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ജനപ്രതിനിധികള്‍ സ്ഥലത്തെത്തി പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി അനുനയിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്.
പാലത്തിന് വേണ്ടി നിര്‍മിച്ച തൂണില്‍ വടമുപയോഗിച്ച് കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 2014ലാണ് പാലം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 12 ലക്ഷം രൂപ മുടക്കി കാലുകള്‍ മാത്രം നിര്‍മിച്ചെങ്കിലും പിന്നീട് നിര്‍മാണം നിലച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതരോ ജനപ്രതിനിധികളോ ഇടപെടല്‍ നടത്തിയില്ല.
ശക്തമായ മഴ പെയ്യുന്ന സമയങ്ങളില്‍ തോടില്‍ വെള്ളമുയരുന്നതോടെ തോട് മുറിച്ച് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മഴക്കാലമെത്തുന്നതോടെ 50ലധികം വരുന്ന കുടുംബങ്ങള്‍ മറുകര കടക്കാന്‍ മാര്‍ഗമില്ലാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് യുവാവ് പാലത്തിന്‍റെ തൂണില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ആദ്യം വാഗമണ്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ജനപ്രതിനിധികള്‍ സ്ഥലത്തെത്തുകയും പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ താഴെയിറങ്ങിയത്.
Also Read: മോൻസന്‍റെ പക്കൽ തിമിംഗലത്തിന്‍റെ അസ്ഥിയും?, പീഡനക്കേസില്‍ മേക്കപ്പ്മാൻ അറസ്റ്റില്‍