ഇടുക്കി: സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ ഹൈറേഞ്ചിലെ സ്റ്റുഡിയോകള്‍ സജീവം. പ്രചാരണത്തിനുള്ള ചിത്രങ്ങള്‍ എടുക്കാൻ സ്റ്റുഡിയോകളില്‍ സ്ഥാനാർഥികളുടെ തിരക്കാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം നിലച്ച സ്റ്റുഡിയോകള്‍ക്ക് തെരഞ്ഞെടുപ്പ് കാലം പുതിയ ഉണർവാണ് നല്‍കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണവും ഊർജിതമായി തുടരുന്നു. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് പഴുതടച്ചുള്ള പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കലാണ് ഇനിയുള്ള കടമ്പ.
സ്ഥാനാർഥികളുടെ ചിത്രങ്ങള്‍ വോട്ടര്‍മാരുടെ മനസില്‍ പതിയണം. ചിത്രങ്ങള്‍ എടുക്കുന്നതിനൊപ്പം ആകര്‍ഷകമായി അവ ഡിസൈന്‍ ചെയ്യുന്നതിനും സ്ഥാനാർഥികള്‍ സ്റ്റുഡിയോകളുടെ സഹായം തേടുന്നുണ്ട്. മുന്‍കാലങ്ങളില്‍ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളുമായിരുന്നു അരങ്ങ് വാണിരുന്നത്. എന്നാൽ നവമാധ്യമങ്ങളില്‍ പ്രചാരണം കൊഴിപ്പിക്കാന്‍ ഇപ്പോൾ സ്ഥാനാർഥികള്‍ ഹൃസ്വചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്.