ഇടുക്കി: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അടിമാലി താലൂക്കാശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ആദരമൊരുക്കി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റും കേരള ബേക്കറി അസോസിയേഷനും. സാദരം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് കേരളാഘടകവും കേരള ബേക്കറി അസോസിയേഷനും ചേര്‍ന്ന് നടത്തിയ ആദരിക്കല്‍ ചടങ്ങിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.അടിമാലി താലൂക്കാശുപത്രിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങിന്‍റെ ഉദ്ഘാടനം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിരോധത്തില്‍ ആശുപത്രികളിലെ ശുചീകരണതൊഴിലാളികള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അനില്‍ ജോര്‍ജ്ജ് പറഞ്ഞു.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സല്യൂട്ട് നല്‍കി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രസീത അധ്യക്ഷത വഹിച്ച ആദരിക്കല്‍ ചടങ്ങില്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി .ആര്‍ സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥരായ കെ .ഡി മണിയന്‍,ജൂഡി,റ്റി .സി ഷിജു, കെ. എ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.