ഇടുക്കി: കുട്ടിക്കര്‍ഷകരില്‍ നിന്നും കാര്‍ഷിക മേഖലയിലെ കുരുന്ന് സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇടുക്കി രാജകുമാരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സുഗന്ധവ്യഞ്ജനങ്ങളിലെ സംരംഭകത്വ സാധ്യതകൾ സ്‌പൈസസ് ബോര്‍ഡിന്‍റെ സഹായത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി സ്‌കൂളില്‍ സ്റ്റുഡന്‍സ് ഫാര്‍മേഴ്‌സ് ഡേ സംഘടിപ്പിച്ചു.
ഫാര്‍മേഴ്‌സ് ഡേയുടെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തില്‍ സുഗന്ധ വ്യഞ്ജന പ്രദര്‍ശനവും സംഘടിപ്പിച്ചു. 50 സ്‌പീഷ്യസിൽപെട്ട 200ല്‍ പരം സുഗന്ധവ്യഞ്ജനങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. ഏലവും കുരുമുളകും അടക്കമുള്ള ഇടുക്കിയുടെ തനത് ഉത്പന്നങ്ങള്‍ക്കൊപ്പം അറേബ്യന്‍ പാല്‍ക്കായ ചെടിയും, പൂനം പുളിയുമൊക്കെ കുട്ടികള്‍ പ്രദര്‍ശനത്തിന് എത്തിച്ചു.
22 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് കുട്ടികള്‍ നിര്‍മിച്ച വിവിധ ഇനം അച്ചാറുകള്‍, 30 തരം ചമന്തികള്‍, തത്സമയം തയ്യാറാക്കിയ വിവിധ വിഭവങ്ങള്‍ തുടങ്ങിയവ മേളയ്ക്ക് കൊഴുപ്പേകി. സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കരകൗശല വസ്‌തുക്കളും മസാല കൂട്ടുകൊണ്ട് ഒരുക്കിയ ചിത്രവും മേളയില്‍ ഇടം പിടിച്ചു. കാര്‍ഷിക സാധ്യതകള്‍ വിവരിക്കുന്ന 300ലേറെ പുസ്‌തകങ്ങളുടെ പ്രദര്‍ശനവും സെമിനാറുകളും നടന്നു.