ഇടുക്കി: കേരള- തമിഴ്‌നാട് അതിര്‍ത്തി പഞ്ചായത്തായ ഉടുമ്പന്‍ചോലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയില്‍ നിന്നും കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്ന ആനകൾ കൃഷി നാശത്തിനൊപ്പം മനുഷ്യ ജീവനും ഭീഷണിയാണ്. ആനകളെ നിരീക്ഷിക്കാനും തുരത്തിയോടിക്കാനും പല മാർഗങ്ങളും പ്രദേശവാസികളും വനംവകുപ്പും പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അവയെല്ലാം പരാജയമായ സാഹചര്യത്തിലാണ് ഉടുമ്പന്‍ചോല സ്വദേശിയായ ജോയല്‍ എന്ന ഒന്‍പതാം ക്ലാസുകാരന്‍ ഡ്രോണ്‍ നിര്‍മാണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോയലിന്‍റെ സഹപാഠിയുടെ പിതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലോക്ക് ഡൗൺ സമയത്താണ് ജോയല്‍ ഡ്രോൺ നിർമാണം ആരംഭിച്ചത്.
ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നായി ഡ്രോണ്‍ നിര്‍മിക്കാനാവശ്യമായ സാധനങ്ങള്‍ ഓണ്‍ലൈനായി എത്തിച്ചു. സങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ കേരളാ ഫ്ലയേഴ്‌സ് ക്ലബിന്‍റെ സഹായം വാട്ട്സ് ആപ്പിലൂടെയും ഫോണിലൂടെയും ലഭിച്ചു. 25,000 രൂപയാണ് ഡ്രോണ്‍ നിര്‍മാണത്തിന് ചെലവായത്. അലങ്കാര മത്സ്യകൃഷി, പക്ഷി വളര്‍ത്തല്‍ എന്നിവയിലൂടെ ലഭിച്ച പണമാണ് ഈ കൊച്ചു മിടുക്കന്‍ നിര്‍മാണ സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിച്ചത്. ഡിജിസിഎയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഡ്രോണില്‍ കാമറ ഘടിപ്പിയ്ക്കും. തുടര്‍ന്ന് വനം വകുപ്പിന്‍റെ സഹകരണത്തോടെ അതിര്‍ത്തി മേഖലയില്‍ നീരിക്ഷണം നടത്താനാണ് ജോയലിന്‍റെ പദ്ധതി.