ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂവിനിയോഗ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഉടുമ്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍ രാപകല്‍ സമരം ആരംഭിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയിലെ എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ജില്ലയിലെ വാണിജ്യ നിര്‍മാണങ്ങളെ ബാധിക്കുന്നതാണെന്നും സംസ്ഥാനമൊട്ടാകെ നടപ്പാക്കേണ്ട നിയമങ്ങള്‍ ജില്ലയില്‍ മാത്രം അടിച്ചേല്‍പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഭൂവിനിയോഗ ഉത്തരവ് 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള നിര്‍മാണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതും എന്‍ഒസി ഏര്‍പ്പെടുത്തുന്നതുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള കരിനിയമമാണ് നടപ്പിലാക്കുന്നതെന്നും ഇതിനെതിരെ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു.