ഇടുക്കി: മഞ്ഞുകാലം ആരംഭിച്ചതോടെ വട്ടവടയില്‍ സ്ട്രോബറിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഇതര കൃഷികളെ അപേക്ഷിച്ച് നോക്കിയാല്‍ നിലവില്‍ സ്ട്രോബറി കൃഷി ഏറെ ലാഭകരമാണെന്ന് കര്‍ഷകര്‍ പറയുന്നു. വട്ടവടയുടെ കുളിര് തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ട്രോബറി ഏറെ പ്രിയങ്കരമാണ്. ജൈവ രീതിയില്‍ വിളയിക്കുന്ന സ്ട്രോബറിയില്‍ നിന്നും സ്‌ക്വാഷ്, ജാം, വൈന്‍ അടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. നാനൂറ് രൂപയാണ് ഒരു കിലോ സ്ട്രോബറിയുടെ വില. കൃഷിക്കാര്‍ നേരിട്ട് കച്ചവടം നടത്തുന്നതിനാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുന്നു. ജൈവ രീതിയില്‍ കൃഷിയിറക്കുന്നതിനാല്‍ ഉത്പ്പാദന ചിലവ് കുറവാണെന്നും കൃഷി ലാഭകരമാണെന്നും സ്ട്രോബറി കര്‍ഷകനായ ശിവശങ്കര്‍ പറഞ്ഞു.
വിന്റര്ടോണ്, റെഡ്ചില്ലി എന്നീ ഇനങ്ങളാണ് വട്ടവടയില്‍ കൂടുതലായും കൃഷി ചെയ്ത് വരുന്നത്. റെഡ് ചില്ലിയുടെ പഴങ്ങള്‍ക്ക് വലിപ്പക്കുറുവും വിന്റര്ടോണിന്റെ കായ്കള്‍ക്ക് വലുപ്പ കൂടുതലും ഉണ്ട്. ഒരു ചെടിയിൽ നിന്നും ഒന്നര വര്‍ഷത്തോളം വിളവ് ലഭിക്കും. നിലവില്‍ കൃഷിഭവന്റെ സഹായം ലഭ്യമാകുന്നുണ്ടെങ്കിലും കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സ്‌ട്രോബറി കയറ്റി അയക്കുക കൂടി ചെയ്താല്‍ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.