ഇടുക്കി: വീടിന്‍റെ ടെറസ് കൃഷിയിടമാക്കിയ കര്‍ഷകര്‍ നിരവധിയാണ്. പ്രധാനമായും പച്ചക്കറികളാണ് മിക്കവരും ടെറസില്‍ പരിപാലിയ്ക്കുന്നത്. ഇവരില്‍ നിന്നൊക്കെ വ്യത്യസ്‌തമായി സ്‌ട്രോബെറി കൃഷിയെ ടെറസില്‍ പരിപാലിയ്ക്കുന്ന ഒരു അധ്യാപകനുണ്ട് ഇടുക്കിയില്‍. രാജാക്കാട് സ്വദേശി സുനില്‍.
രാജാക്കാട് എന്‍ ആര്‍ സിറ്റി സ്‌കൂളിലെ കായിക അധ്യാപകനാണ് സുനില്‍. കൃഷിയോടുള്ള താത്പര്യത്തിനൊപ്പം മക്കള്‍ക്ക് സ്‌ട്രോബെറി പഴങ്ങളോടുള്ള ഇഷ്‌ടമാണ് ടെറസില്‍ കൃഷി ചെയ്യുന്നതിലേയ്ക്ക് നയിച്ചത്. നാടനും ഹൈബ്രിഡും ഉള്‍പ്പടെ 200ഓളം സ്‌ട്രോബെറി ചെടികളാണ് സുനില്‍ ടെറസില്‍ പരിപാലിയ്ക്കുന്നത്.
രണ്ട് വര്‍ഷമായി സ്‌ട്രോബെറി കൃഷിയില്‍ സജീവമാണ് സുനില്‍. സുഹൃത്ത് നല്‍കിയ തൈയില്‍ നിന്നുമാണ് കൃഷി വ്യാപിപ്പിച്ചത്. ജൈവ രീതിയിലാണ് കൃഷിയുടെ പരിപാലനം. നാടന്‍ ഇനങ്ങള്‍ക്കൊപ്പം കേരളത്തിന് പുറത്ത് നിന്നെത്തിച്ച ഹൈബ്രിഡ് ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്.
നാടന്‍ ഇനങ്ങളില്‍ നിന്ന് വര്‍ഷം മുഴുവന്‍ വിളവ് ലഭിയ്ക്കും. അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമീപ മേഖലയിലെ പഴ കച്ചവടക്കാരും സുനിലിന്‍റെ പക്കല്‍ നിന്നും സ്‌ട്രോബെറി പഴങ്ങള്‍ വാങ്ങാറുണ്ട്.