ഇടുക്കി: ആനക്കലിയില്‍ മണ്ണോട് ചേരാൻ ഇനിയൊരു ജീവനും നല്‍കില്ലെന്ന വാശിയിലാണ് ഇടുക്കി ജില്ലയിലെ സിങ്കുകണ്ടം നിവാസികൾ. അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാനാകില്ലെന്ന് കോടതി പറഞ്ഞപ്പോൾ ജീവൻ കയ്യില്‍പ്പിടിച്ചവർ സമരത്തിനിറങ്ങി. കാരണം അവർക്കുമുന്നില്‍ ആനക്കലിയില്‍ നഷ്‌ടമായ ജീവനുകളുണ്ട്. കണ്‍മുന്‍പില്‍, മകന്‍ പിടഞ്ഞ് മരിച്ച ഒരമ്മയുടെ തോരാത്ത കണ്ണീരിന്‍റെ കഥയുണ്ട്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ വഴിയിലാണ്, മേരിയുടെ മകന്‍ സുനിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സിങ്കുകണ്ടം-ചിന്നക്കനാല്‍ പാതയില്‍ നിന്ന, ചക്കകൊമ്പന്‍ സുനിലിന്‍റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന മേരി, മകനോട് ഓടി വരാന്‍ പറഞ്ഞെങ്കിലും, അതിനു മുന്നേ തന്നെ ആന സുനിലിനെ ആക്രമിച്ചു.
കലി അടങ്ങി, ചക്കകൊമ്പന്‍ മടങ്ങിയ ഉടൻ, സുനിലിനെ ആശുപത്രിയിലെത്തിച്ചു. എട്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ വിദഗ്‌ധ ചികിത്സ നല്‍കിയെങ്കിലും 2017 ജൂണ്‍ ഒന്‍പതിന് മരണത്തിന് കീഴടങ്ങി.
ആ കാട്ടാനക്കലിയില്‍ അനാഥമായത്, പിച്ചവച്ച് തുടങ്ങിയ രണ്ട് കുരുന്നുകളുടെ ജീവിതം കൂടിയാണ്. അച്ഛന്‍ നഷ്‌ടമായ മണ്ണ്, പേടി സ്വപ്‌നമായപ്പോൾ കുഞ്ഞുങ്ങളെ തൊടുപുഴയിലെ അമ്മ വീട്ടിലേക്ക് മാറ്റി. മകന്‍റെ ജീവന്‍, പിടഞ്ഞു വീണ മണ്ണില്‍, ആ വഴിയില്‍ തോരാത്ത കണ്ണീരുമായി മേരിയുണ്ട്. സുനില്‍ മാത്രമല്ല ബാബുവും പാട്ടിയമ്മയും തുടങ്ങി, നിരവധി ജീവനുകളാണ്, സിങ്കുകണ്ടത്തും 301ലും മൂലത്തറയിലുയായി കാട്ടാനക്കലിയില്‍ പൊലിഞ്ഞത്. കോടതി എന്ത് പറഞ്ഞാലും കാട്ടാനപ്പേടിയില്‍ രാവും പകലും തള്ളി നീക്കുന്ന ഈ കണ്ണീരിന് മുന്നില്‍ എന്ത് പറയാൻ.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ്: അതേസമയം, അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതില്‍ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കേണ്ടതാണെന്നു സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്ന് കോടതി പറഞ്ഞു.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടിയാണ് വേണ്ടതെന്ന് ജസ്‌റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കെതിരാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഇത് മാറണമെന്ന് കോടതി പറഞ്ഞു.
അരിക്കൊമ്പന് ആവശ്യമായ ആവാസവ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേയ്‌ക്ക് മാറ്റാമെന്നുമായിരുന്നു കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. ഇതിനായി ജില്ലാതലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കണം. ഇവ കടലാസില്‍ ഒതുങ്ങരുതെന്ന് കോടതി പറഞ്ഞു.
സര്‍ക്കാര്‍ നേരത്തെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് കോടതി: കേസില്‍ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ജനങ്ങളെ കൂടി വിശ്വാസത്തില്‍ എടുക്കണമെന്ന് നിര്‍ദേശിച്ച കോടതി ജനജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും വ്യക്തമാക്കി. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷയം അല്ലെന്നും ആവശ്യമായ നടപടി സര്‍ക്കാര്‍ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.