ഇടുക്കി: പ്രകൃതിയും ചരാചരങ്ങളും അണിഞ്ഞൊരുങ്ങിയതോടെ ഇടുക്കിയുടെ മല നിരകളിൽ വിവിധ പൂവുകളുടെ കാഴ്ച വസന്തം നിറഞ്ഞു. ശാന്തൻപാറ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തതിനൊപ്പമാണ് ദേശീയപാതയിലെ ഗ്യാപ്പ് റോഡിലെ വഴിയോരങ്ങളിൽ അഴക് ചാർത്തി പുള്ളികാശിത്തുമ്പ പൂവിട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ കമ്മലിന്‍റെ സാദൃശ്യം ഉള്ളതിനാൽ ഇവയെ കമ്മൽ പൂവ് എന്നും വിളിക്കുന്നുണ്ട്.
ഇമ്പെഷ്യസ് മാക്കുലേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ പണ്ട് കാലങ്ങളിൽ ഹൈറേഞ്ചിന്‍റെ അരുവിയോരങ്ങളിലും പാതയോരങ്ങളിലും മൺതിട്ടകളിലും നയനമനോഹര കാഴ്‌ച്ച ഒരുക്കിയിരുന്നു. വംശനാശ ഭീക്ഷണി നേരിടുന്ന ഈ സസ്യം ഈ മേഖലയിൽ വ്യാപകമായാണ് പുഷ്‌പ്പിച്ചിരിക്കുന്നത്. ഈ ചെടിക്ക് വളരാൻ ധാരാളം മഴയും തണുപ്പും ആവശ്യമാണ്.
നിരവധി സസ്യ ശാസ്‌ത്രജ്ഞർ ഇവയെകുറിച്ചു പഠിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്‌തിട്ടുണ്ട്. ഇളം പിങ്ക് നിറത്തിലുള്ള സമൃദ്ധമായ പൂക്കളാണ് ഇവയുടെ ആകർഷണം. മൂപ്പെത്തിയ വിത്തുകൾ പൊട്ടിത്തെറിച്ചു വിത്ത് വിതരണം നടക്കുന്നതിനാൽ ടച് മി നോട്ട് എന്നും ഈ സസ്യം അറിയപ്പെടുന്നുണ്ട്.
കാഴ്‌ച്ച സൗന്ദ്യര്യത്തിന് പുറമെ ത്വക്ക് രോഗങ്ങൾ, ഉദര രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഉള്ള സിദ്ധ ഔഷധം കൂടിയാണിത്. ഈ വഴി കടന്നു പോകുന്ന വിനോദ സഞ്ചാരികൾക്ക് കാഴ്‌ചയുടെ വർണ വസന്തമാണ് ഈ ചെടികൾ ഒരുക്കിയിരിക്കുന്നത്. മനുഷ്യന്‍റെ പ്രകൃതിയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങളും ജൈവവ്യവസ്ഥകളിലെ വ്യതിയാനവും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും മൂലം ഈ അപൂർവ്വ സസ്യം ഇന്ന് വംശനാശ ഭീക്ഷണിയും നേരിടുന്നുണ്ട്.