ഇടുക്കി: മൂന്നാർ എസ്റ്റേറ്റ് മേഖലയില്‍ വില്‍പനക്കെത്തിച്ച 135 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി. മൂന്നാര്‍- മറയൂര്‍ പൊലീസും നര്‍ക്കോട്ടിക്ക് പ്രത്യേക സംഘവും നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്. മുമ്പ് അബ്‌കാരി കേസിലെ പ്രതിയായ പ്രഭാകരൻ്റെ വീട്ടിലും പൊന്തക്കാട്ടിലുമായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നിര്‍ദേശപ്രകാരം പിടിച്ചെടുത്തത്.
സ്‌പിരിറ്റ് കണ്ടെടുത്തെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. അഞ്ച് ലിറ്ററിൻ്റെ 27 കന്നാസുകളിലായിട്ടാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്രഭാകരൻ്റെ വീട്ടില്‍ നിന്ന് 10 ലിറ്ററും ശേഷിച്ചത് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
അബ്‌കാരി കേസുകളില്‍ പ്രതിയായ പ്രഭാകരന്‍ എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് സ്‌പിരിറ്റ് വില്‍പ്പനക്കായി എത്തിക്കുന്നുവെന്ന വിവരം ജില്ലാ നര്‍ക്കോട്ടിക്ക് ഡിവൈഎസ്‌പി അബാദുള്‍ സലാമിന് ലഭിച്ചിരുന്നു. വിവരം മൂന്നാര്‍ ഡിവൈസ്എസ്‌പി രമേഷ് കുമാറിന് കൈമാറുകയും മൂന്നാര്‍- മറയൂര്‍ പൊലീസും നര്‍ക്കോട്ടിക് സംഘവും സംയുക്തമായി പരിശോധന നടത്തുകയുമായിരുന്നു.