ഇടുക്കി: ഇടുക്കിയിലെ ഗ്രാമീണ മേഖലകളില്‍ കൊവിഡ് രോഗ സാധ്യതയുള്ളവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാല്‍ പല മേഖലകളിലും ആംബുലന്‍സിന് ചെന്നെത്താന്‍ സാധിക്കുകയില്ല.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് രോഗികളുടെ സേവനത്തിനായി രണ്ട് ആംബുലന്‍സുകള്‍ ഓടുന്നുണ്ട്. ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഇത്തരത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മലമുകളിലെ ദുര്‍ഘട പാതയിലൂടെ ആംബുലന്‍സ് ഓടിയെത്തുക സാധ്യമല്ല. കൊവിഡ് സാധ്യതയുള്ളവര്‍ പരിശോധനക്ക് പോകുന്നതിനായി പലപ്പോഴും വാഹനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ജീപ്പുകളുടെ സേവനം ഉറപ്പ് വരുത്തി ദുര്‍ഘട മേഖലയില്‍ താമസിക്കുന്നവര്‍ക്കും പരിശോധനക്കായി പോകുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജീപ്പുകള്‍ ഏറ്റെടുത്ത് ഗ്രാമീണ മേഖലയിലെ സേവനം ഉറപ്പ് വരുത്തണം. മുമ്പ് ലോക്ക് ഡൗണ്‍ കാല ഘട്ടത്തില്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു.