ഇടുക്കി:സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന 115 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കി മാറ്റുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്താണ് 100 കുട്ടികളില്‍ കൂടുതല്‍ പേർ പഠനം നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് സ്കൂള്‍ ആക്കി മാറ്റുമെന്ന പ്രഖ്യാപനം വന്നത്. എന്നാല്‍ തുടർന്നെത്തിയ സര്‍ക്കാര്‍ തുടര്‍ നടപടികളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ല എന്നാണ് പ്രധാന പരാതി.
സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപകർ തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.വലിയ തുക നല്‍കി അധ്യാപകരെ ജോലിക്ക് നിയമിക്കാന്‍ പല സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ശേഷിയില്ല. എന്നാൽ സ്‌കൂളുകള്‍ എയ്ഡഡായി ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കും. മാത്രമല്ല അംഗീകാരത്തിനായി സര്‍ക്കാര്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ മിക്ക സ്‌കൂളുകളും വലിയ തുക മുടക്കി അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ഇതിനായി ചെലവഴിച്ച തുക അധിക ബാധ്യതയായി മാറി. കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഗ്രാൻ്റും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് അധ്യാപകരും മാതാപിതാക്കളും ആവശ്യമുന്നയിക്കുന്നത്.