ഇടുക്കി: ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണല്ലോ നാം പൊതുവെ പറയാറ്. അതുകൊണ്ടുതന്നെ പഴമയെ മുറുകെപ്പിടിക്കുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരാളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്. 1948 -1953 കാലഘട്ടങ്ങളില്‍ നിരത്ത് അടക്കിവാണിരുന്ന മോറിസ് മൈനര്‍ എന്ന കാറാണ് ഇന്നത്തെ നമ്മുടെ അതിഥി.
മോറിസ് മൈനര്‍ വിപണിയിലെത്തിയത് 1948ൽ
ഇടുക്കി നരിയമ്പാറ സ്വദേശിയായ സൂരജ് കെ ആണ് ഈ 1949 മോഡല്‍ മോറിസ് കാറിന്‍റെ ഉടമ. 73 വര്‍ഷം പഴക്കമുള്ള മോറിസ് മൈനറെന്ന ബ്രിട്ടീഷ് കാറിനെ നിധിപോലെ കാത്തു സൂക്ഷിക്കുകയാണ് ഇദ്ദേഹം. 1948ലാണ് ആദ്യമായി മോറിസ് മൈനര്‍ വിപണിയിലെത്തിയത്. 'മോറിസ് എയിറ്റ്' ആരുന്നു ഇവന്‍റെ മുന്‍ഗാമി. ആദ്യമായി പത്തു ലക്ഷം എന്ന എണ്ണം തികച്ച ബ്രിട്ടീഷ് കാര്‍ എന്ന പദവിയും മോറിസ് മൈനറിന് സ്വന്തം.
കാർ സ്വന്തമാക്കിയതിന് പിന്നിൽ വിന്‍റെജ് കാറുകളോടുള്ള പ്രണയം
കാര്‍ മെക്കാനിക്കായ സൂരജിന് വിന്‍റേജ് കാറുകളോടുള്ള പ്രണയം തന്നെയാണ് തൃശൂരില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ തുക നല്‍കി ഈ കുഞ്ഞന്‍ കാറിനെ കട്ടപ്പനയിലേക്ക് കൊണ്ടുവരാന്‍ കാരണം. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിലെ ബജറ്റ് കാറെന്ന ബഹുമതിയാണ് രണ്ടാം തലമുറ മോറിസിനുണ്ടായിരുന്നത്.
മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന കാർ
ബെന്‍സ്, ലംബോര്‍ഗിനി തുടങ്ങിയ ആഡംബരക്കാറുകള്‍ അടക്കിവാണിരുന്ന അന്നത്തെ കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നു ഈ കുഞ്ഞന്‍ കാര്‍. മലയാള ചലചിത്രത്തിലെ മുന്‍നിര താരങ്ങള്‍ അഭിനയിച്ച 'വർണം' എന്ന സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രത്തില്‍ ഏറ്റവും പ്രധാനി ആയിരുന്നു ഈ കാര്‍.
തിരുവിതാംകൂർ രാജാക്കന്മാർ ഉപയോഗിച്ചിരുന്നു
മലയാള ചലചിത്രങ്ങൾക്ക് പുറമേ ഹോളിവുഡ്, ബോളിവുഡ് സിനിമകളിലും മോറിസ് കാറുകള്‍ അരങ്ങ് വാണിരുന്നു. ഒരു കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുമെല്ലാം ഉപയോഗിച്ചിരുന്നതും ഈ മോഡല്‍ മോറിസ് കാറുകളാണ്. തുടുത്ത കവിളുകളുള്ള കുഞ്ഞുങ്ങളുടെ മുഖഭാവമായതിനാലാണ് ഈ കാറിനെ 'മൈനര്‍' എന്ന് നാമകരണം ചെയ്യാന്‍ മോറിസ് കമ്പനിക്ക് പ്രേരകമായത്.
വിന്‍റെജ് കാറുകളുടെ റാണി
ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സുഖകരമായ യാത്രയാണ് ഈ 1949 മോഡല്‍ മോറിസ് കാറില്‍ സഞ്ചരിച്ചാല്‍ അനുഭവിക്കാന്‍ ആവുക. ഒരുതരത്തില്‍ പറഞ്ഞാല്‍ വിന്‍റേജ് കാറുകളുടെ റാണി എന്നുതന്നെ വിശേഷിപ്പിക്കാം ഈ കുഞ്ഞന്‍ കാറിനെ.
Also Read: ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം