ഇടുക്കി: മലങ്കര അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കാന്‍ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം.വി.ഐ.പി) അധികൃതര്‍. ഇത് സംബന്ധിച്ച് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.
ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായി നിലവില്‍ ആറ് ഷട്ടറുകളും 70 സെന്‍റിമീറ്റര്‍ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഉല്‍പാദനം പരമാവധി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മലങ്കരയില്‍ ജലനിരപ്പ് ഉയര്‍ന്നു.
ഇതിന് പുറമേ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 39.86 മീറ്ററാണ്. അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.
ALSO READ: കൊല്ലം ബൈപ്പാസില്‍ വാഹനാപകടം പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്