ഇടുക്കി: കൊച്ചി - മധുര റെയില്‍വേ ലൈന്‍ ആവശ്യവുമായി ഒറ്റയാള്‍ സമരം. എന്‍സിപി ജില്ല സെക്രട്ടറി സി.കെ വിജയനാണ് കൊച്ചി മധുര റെയില്‍വേ ലൈന്‍ രാജാക്കാട് വഴി അനുവദിക്കണമെന്ന് ആവശ്യവുമായി രാജാക്കാട് ടൗണില്‍ ഒറ്റയാള്‍ സമരം നടത്തിയത്. റെയില്‍വേ ലൈന്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും, റെയില്‍വേ ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നതാണ് ആവശ്യം.
വ്യവസായ നഗരമായ കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ചരക്കുനീക്കം നടത്തുന്നതിന് വളരെ ഉപകാരപ്രദമായ പാതയാണ് കൊച്ചി മധുര റെയില്‍വേ ലൈന്‍. ആവശ്യമായ സ്ഥലങ്ങളില്‍ കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ തുരങ്കമുണ്ടാക്കി വളരെ എളുപ്പത്തില്‍ പണി പൂര്‍ത്തിയാക്കിയാല്‍ കൊച്ചിയില്‍ നിന്നും മധുരയിലേക്ക് കേവലം മൂന്നര മണിക്കൂറില്‍ താഴെ സമയത്തില്‍ എത്താനാവും.
ആവശ്യമായ പഠനങ്ങള്‍ നടത്തി ഹൈറേഞ്ച് മേഖലയുള്‍പ്പെടുന്ന നാണ്യവിളകളുടെ കേന്ദ്രത്തിലൂടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാട്ടി റെയില്‍വേ അധികൃതര്‍ക്കും, ഇടുക്കി എംപിക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയന്‍ പറഞ്ഞു.