ഇടുക്കി: അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും ലഭിച്ച് തുടങ്ങി. ലഭിക്കുന്ന സിഗ്നലുകള്‍ പ്രകാരം 20 കിലോമീറ്ററില്‍ ഏറെയാണ് മൂന്ന് ദിവസം കൊണ്ട് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. ഇന്നലെ പുലര്‍ച്ചയോടെയാണ് അരിക്കൊമ്പന്‍റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്‌ടമായത്. തുടര്‍ന്ന് ആന കാട്ടിൽ എവിടെയാണെന്ന് കണ്ടെത്താനാകാതെ വനംവകുപ്പ് വലഞ്ഞിരുന്നു.
ചോലവനത്തില്‍ ആയതിനാലാകാം സിഗ്നലുകൾ ലഭിക്കാതിരുന്നത് എന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്‌ധർ പ്രതികരിച്ചിരുന്നു. അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം നേരത്തെ ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ നാലിന് ശേഷം റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്‌ടപ്പെടുകയായിരുന്നു.
വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിരുന്നെങ്കിലും അരിക്കൊമ്പൻ എവിടെയാണെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. ആനയെ ഇറക്കിവിട്ട സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്‌ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരികയാണ് എന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.
സഞ്ചാരത്തിന്‍റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തിയിരുന്നു. അതേസമയം അരിക്കൊമ്പന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം ലഭിച്ചിട്ടുണ്ട്.