ഇടുക്കി: നെടുങ്കണ്ടം ടൗണിലും പരിസരപ്രദേശങ്ങളിലും ജലസ്രോതസുകകളിലും രാത്രിയുടെ മറവിൽ അറവ് മാലിന്യം തള്ളുന്നതായി പരാതി. ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന കല്ലാർപുഴയിലടക്കം അറവു മാലിന്യം തള്ളുന്നതായാണ് പരാതി. മാലിന്യം തള്ളുവരുടെ ദൃശ്യങ്ങൾ നൽകിയാൽ പാരിതോഷികം നൽകാമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പൻചോല, കരുണാപുരം ഗ്രാമ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരു വർഷമായി സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിലാണ് അറവ് മാലിന്യം തള്ളുന്നത്.
ജനവാസമേഖലകളിലും റോഡുകളുടെ നടുവിലും കുടിവെള്ള സ്രോതസുകളിലും വരെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുക്കുകയാമ്. അറവ് ശാലകളും കോഴിക്കടകളും കേന്ദ്രീകരിച്ച് മുമ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം നെടുങ്കണ്ടം ടൗൺ, കല്ലാർ, താന്നിമൂട്, തേർഡ്ക്യാമ്പ്,തൂക്കുപാലം, കൽക്കൂന്തൽ, കരടിവളവ്, പാറത്തോട്, മൈലാടുംപാറ, പാമ്പാടുംപാറ തുടങ്ങിയിടങ്ങളിലാണ് വ്യാപകമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാലിന്യം തള്ളിയത്.
ഇന്ന് കല്ലാർപുഴയിലെ കുടിവെള്ള സ്രോതസിലും അറവു മാലിന്യം കണ്ടെത്തി. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയടക്കം ശുപാർശ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധയിടങ്ങളിൽ നിന്നും നൂറുകണക്കിന് പരാതികളാണ് പൊലീസിനും പഞ്ചായത്തുകൾക്കും ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ നെടുംകണ്ടം ടൗണിൽ രാത്രിയിൽ കോഴി മാലിന്യം നിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലെ വ്യക്തികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.