ഇടുക്കി: ചെറുതോണി അണക്കെട്ടിൽ സുരക്ഷാവീഴ്‌ച (Security Lapse At Cheruthoni Dam). ഡാമിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിലെ കമ്പിയിൽ 11 താഴുകൾ ഇട്ട് പൂട്ടുകയായിരുന്നു. ഷട്ടർ ഉയത്തുന്ന റോപ്പിൽ എന്തോ ദ്രാവകവും ഒഴിച്ചിട്ടുണ്ട്. ജൂലൈ 22ന് പകൽ 3.15നാണ് സംഭവം ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താഴിട്ട് പൂട്ടിയ സംഭവം കെഎസ്ഇബിയുടെ (KSEB) ശ്രദ്ധയിൽ പെട്ടത്.
തുടന്ന്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മാസങ്ങൾക്ക് മുൻപാണ് സംഭവം ഉണ്ടായതെന്ന് വ്യക്‌തമായത്. സംഭവ ദിവസം ശനിയാഴ്‌ച ആയതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു. ഈ അവസരത്തിലാണ് യുവാവ് കൃത്യം ചെയ്‌തത്. പരിശോധനയിൽ തോളിൽ ബാഗും തൂക്കി ഒരു യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ യുവാവെന്നാണ് വിവരം. തൃശൂർ രജിസ്ട്രേഷനിൽ ഉള്ള കാറിലാണ് ഇയാൾ ചെറുതോണി അണക്കെട്ടിലേക്ക് എത്തിയത്. കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇയാൾ വിദേശത്തേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നാളെ മുതൽ അണക്കെട്ടിലെ സന്ദർശനം രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് മണി വരെ ആക്കി ചുരുക്കിയിട്ടുണ്ട്.