ഇടുക്കി: അധ്യാപകര്‍ക്ക് താമസിക്കുന്നതിനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സ് കെട്ടിടം കാടുകയറി നശിക്കുന്നു. സേനാപതി അരുവിളംചാല്‍ ട്രൈബല്‍ എല്‍പി സ്‌കൂളിനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്ന പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂളിന്റെ പരിസരത്തെ കാട് വെട്ടിത്തെളിച്ചിട്ടുണ്ടെങ്കിലും ചുറ്റുമതിലില്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ കളിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സിന്‍റെ പരിസരത്ത് എത്തുന്നത് പതിവാണ്. ഇഴജന്തുക്കളുടെ താവളമായ ഇവിടം കുട്ടികൾക്ക് ഭീഷണിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് ഇവിടം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കുകയും കെട്ടിടത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കെട്ടിടം വീണ്ടും കാട് കയറി ഉപയോഗശൂന്യമായ അവസ്ഥയിലാണ്. രാത്രിയായാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കെട്ടിടം സംരക്ഷിക്കുന്നതിനും കാട് വെട്ടിമാറ്റി കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.