മുംബൈ: ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീമിന്‍റെയും ലിജിയുടെയും നില ഗുരുതരമായിത്തന്നെ തുടരുകയാണ്. മുംബൈയിലെ ഹോട്ടലില്‍ വിഷം കഴിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയിരുന്നത്. വസീം കൊലപ്പെടുത്തിയ റിജോഷിന്‍റെ ഭാര്യയാണ് ലിജി. ഇന്നലെയാണ് വസീമിനെയും ലിജിയെയും മുംബൈയിലെ പന്‍വേലിലെ ഒരു ഹോട്ടലില്‍നിന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. മുംബൈ ജെ.ജെ ആശുപത്രിയിൽ വസീമും ലിജിയും ചികിത്സയിലാണിപ്പോൾ.
ലിജിയുടെ ഇളയ മകൾ ജോവാന വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലായിരുന്നു. രണ്ടര വയസുകാരി ജോവാനയുടെ പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം മുംബൈയില്‍ തന്നെ സംസ്‌കരിക്കും. റിജോഷിന്‍റെ ബന്ധുക്കള്‍, ശാന്തന്‍പാറ എസ്.ഐ തുടങ്ങിയവർ മുംബൈയിലെത്തും.
റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതം നടത്തുന്ന വീഡിയോ വസീം സഹോദരന് അയച്ചിരുന്നു. ഈ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം ഓഫ് ചെയ്‌ത് വൈ-ഫൈ ഉപയോഗിച്ചാണ് വീഡിയോ ദൃശ്യം അയച്ചതെന്ന് വ്യക്തമായിരുന്നു. വൈ-ഫൈയുടെ ഐ.പി അഡ്രസ് കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരികയായിരുന്നു.