ഇടുക്കി: പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. സമഗ്രശിക്ഷാ പദ്ധതിയുടെ നേതൃത്വത്തില്‍ അടിമാലി കത്തിപ്പാറയില്‍ തുറന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി പിന്നാക്ക മേഖലയില്‍ നിന്നടക്കമുള്ള 50 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി സമഗ്രശിക്ഷ കേരളം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അടിമാലി കത്തിപ്പാറയില്‍ ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ തുറന്നത്.
ആവശ്യമായി വന്നാല്‍ പിന്നാക്ക മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറമെ പലവിധ കാരണങ്ങളാല്‍ വീടുകളില്‍ പഠനാന്തരീക്ഷമില്ലാത്ത കുട്ടികള്‍ക്കും ഹോസ്റ്റലില്‍ താമസമൊരുക്കും. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനൊപ്പം കലാ-കായിക പരിശീലനം, സമഗ്ര വ്യക്തിത്വ വികസനം തുടങ്ങിയവയിലും പരിശീലനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.